“സ്റ്റാര്‍ട്ടപ്പ് ഇന്ത്യ – കേരള യാത്ര” തിരൂരിൽ

സ്റ്റാര്‍ട്ടപ്പ് കേരള യാത്ര വഴി സംരഭകത്വ ആഹ്വാനം ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും! കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന കേരള സ്റ്റാര്‍ട്ടപ്പ് യാത്രക്ക് തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ 2018 നവംബർ 6 ന് സ്വീകരണം നല്‍കി.

സംരഭകത്വ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് പുതുയുഗ സംരംഭകാനേഷകരെ സഹായിക്കുക, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നവംബര്‍ 1 ന് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത ഒരു മാസത്തോളം നീളുന്ന സ്റ്റാര്‍ട്ടപ്പ് കേരള യാത്രയുടെ ഭാഗമായി കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ 14 വാന്‍ സ്റ്റോപ്പുകളും, 8 ബൂട്ട് ക്യാമ്പുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.

യാത്രയില്‍ എല്ലാ ജില്ലകളിലും – പ്രധാന ഐ.ഇ.ഡി.സി. കേന്ദ്രങ്ങളില്‍ വിദ്യാത്ഥികളുമായും, സംരഭകരുമായും സംവദിക്കും. എല്ലാ ബൂട്ട് ക്യാമ്പുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭക ആശയം വികസിപ്പിക്കുന്നതിനും, പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നതിനും അവസരം ലഭിക്കും.

ഈ ബൂട്ട് ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന നവീന ആശയക്കാര്‍ക്ക് നവംബര്‍ 27 നു തിരുവനന്തപുരത്തു നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. ഗ്രാന്‍ഡ് ഫിനാലെ വിജയികളെ കാത്തിരിക്കുന്നത് പത്തു ലക്ഷം രൂപയുടെ സമ്മാനമാണ്.

14 ജില്ലകള്‍ സന്ദര്‍ശിക്കുന്ന യാത്രയുടെ പത്താമത്തെ കേന്ദ്രമായ എസ്.എസ്.എം പോളി ടെക്‌നിക് ക്യാമ്പസില്‍ എത്തിച്ചേര്‍ന്ന യാത്രക്ക് പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി യുടെ നേത്യത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരണം നല്‍കി.

യാത്രാ ടീം ലീഡര്‍ കരണ്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. ഐ.ഇ.ഡി.സി. നോഡല്‍ ഓഫീസര്‍ എ.എസ്. ഹാഷിം, ലീഡ്‌സ് ഐ ഹബ് കോ ഓർഡിനേറ്റർ മുഹമ്മദ് സിയാദ് എന്നിവര്‍ സംസാരിച്ചു. എസ്. എസ്. എം. മേക്കര്‍ സ്‌പേസ് ഇന്നോവേഷന്‍ സെന്റര്‍ വിദ്യാര്‍ത്ഥികളായ ഹിഷാം, റാസി, സുഹൈർ, ആശത്ത്, റിഷാബ്, റാഷിദ് സല്‍മാന്‍ ഫാരിസ്, ആദില്‍ഹസന്‍, ശ്രീജിത്ത്, ആനന്ദ് എന്നിവര്‍ നേത്യത്വം നല്‍കി.