International
അഫ്ഗാൻ സ്പെഷ്യൽ സെൽ മുഴുവൻ സമയവും സജ്ജം; ബന്ധപ്പെടേണ്ട നമ്പറുകൾ

അഫ്ഗാൻ സ്പെഷ്യൽ സെൽ മുഴുവൻ സമയവും സജ്ജമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഫ്ഗാനിൽ നിന്ന് നാട്ടിലേക്ക് വരാനുള്ളവർക്കും മറ്റ് സഹായങ്ങൾക്കും സെല്ലുമായി ബന്ധപ്പെടാമെന്ന് വി.മുരളീധരൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അറിയിപ്പ്.
ഫോൺ : +91-11-49016783, +91-11-49016784, +91-11-49016785, വാട്സ്ആപ്: +91-8010611290 SituationRoom@mea.gov.in എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം വിലയിരുത്തി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വീസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
International
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗീകമായി നീക്കിയേക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. കൊവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച് സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ അവധിക്ക് പോയി തിരിച്ചു വരുന്ന സൗദിയിൽ താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും.
ഇപ്രകാരം സൗദിയിലേക്ക് നേരിട്ട് എത്തുന്നവർ ചില കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടിവരും. എന്നാല്‍ സൗദി അറേബ്യ വിലക്ക് നീക്കിയാലും വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.
International
താലിബാനെതിരെ പ്രതിഷേധവുമായി യുവതികൾ തെരുവിൽ; വിഡിയോ

അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമാണ് ഇത്.
സായുധരായ താലിബാനികൾ നോക്കിനിൽക്കെയാണ് സ്ത്രീകൾ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും ലഭിക്കണമെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളിൽ കാണാം.
അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചതിന് ശേഷമുള്ള ആദ്യ വാർത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം.
International
യുഎസ് സൈനിക വിമാനങ്ങളിൽ നിന്നും വീണ് നിരവധിയാളുകള്‍ മരിച്ചുവെന്ന് സ്ഥിരീകരണം

വാഷിങ്ടൺ: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. യുഎസ് സൈനിക വിമാനങ്ങളില്‍ നിന്നും വീണ് നിരവധി ആളകള്‍ മരിച്ചതായി സ്ഥിരീകരണവുമുണ്ടായതിന് പിന്നാലെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും എന്നാൽ, ജനങ്ങള്‍ തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക്ക് ഓഫ് ചെയ്തെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
കാബൂൾ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പറന്നുയർന്നതിന് ശേഷം യുഎസ് വ്യോമസേനയുടെ സി -17 ജെറ്റ് ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിൽ ഇറങ്ങി, അവിടെ വച്ചാണ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.