യുദ്ധം ആ​ഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം : താലിബാൻ

യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്ന് താലിബാൻ. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്​ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു. അഫ്​ഗാൻ പിടിച്ചതിന് ശേഷമുള്ള ആദ്യ വാർത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം. (aims peace says taliban)

മുൻകാലങ്ങളിൽ തങ്ങളോട് യുദ്ധം ചെയ്തവരോട് ക്ഷമിച്ചെന്ന് താലിബാൻ വക്താവ് പറഞ്ഞു. ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ പറഞ്ഞു. എല്ലാ എംബസികളുടേയും സുരക്ഷ പ്രധാനമെന്ന് താലിബാൻ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

ഇന്ന് അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.