ഞെട്ടിക്കാൻ റിലയൻസ്! ജിയോഫോൺ നെക്‌സ്റ്റിന്റെ വില പുറത്ത്

ജൂണിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക സമ്മേളനത്തിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചത്. സെപ്‌റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക എന്നും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെക് ഭീമൻ വ്യക്തമാക്കിയിരുന്നു. ജിയോഫോൺ നെക്സ്റ്റ് വിപണയിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫോണിന്റെ വില വിവരങ്ങൾ അനൗദ്യോഗികമായി പുറത്തായി.

പ്രശസ്ത ടിപ്പ്സ്റ്റർ യോഗേഷ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 3,499 രൂപയാവും ജിയോഫോൺ നെക്‌സ്റ്റിന്. ജിയോഫോൺ നെക്‌സ്റ്റിന് 50 ഡോളറായിരിക്കും വില എന്ന മുൻ റിപോർട്ടുകൾ ശരിവയ്ക്കും വിധമാണ് വില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 2ജി കണക്ടിവിറ്റിയിൽ നിന്ന് 4ജി കണക്റ്റിവിറ്റിയിലേക്ക് ഇനിയും അപ്‌ഗ്രേഡ് ചെയ്യാൻ ഫോണിന്റെ വില മൂലം സാധിക്കാത്തവർക്കുള്ള വിലക്കുറവുള്ള ഫോൺ ആയാണ് ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിക്കുന്നത് എന്ന റിലയൻസിന്റെ പ്രഖ്യാപനം സാധൂകരിക്കുന്നതാണ് ഈ വില. അതെ സമയം റിലയൻസ് ഔദ്യോഗികമായി വില സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ലോഞ്ചിന് മുൻപായി ജിയോഫോൺ നെക്‌സ്റ്റിന്റെ മറ്റു ചില വിവരങ്ങളും പുറത്തായിട്ടുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക എന്നതാണ് ഒന്ന്. 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ടാകും എന്നാണ് മിഷാൽ റഹ്മാൻ ( XDA ഡെവലപ്പേഴ്‌സ് എഡിറ്റർ) റിപ്പോർട്ട് ചെയ്യുന്നത്. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോഫോൺ നെക്സ്റ്റിൻ്റെ ലെൻസ്. എച്ച്ഡിആർ മോഡും ക്യാമെറയ്ക്കുണ്ടായിരിക്കും.