ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും ‘കാപ്പി’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും.