തലവേദന കുറയ്ക്കാം, പാദങ്ങൾ മസ്സാജ് ചെയ്‌താൽ ഗുണങ്ങൾ നിരവധി

മിക്ക ദിവസങ്ങളിലും വൈകുന്നേരമാകുമ്പോഴേയ്ക്കും ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശരായിട്ടായിരിക്കും പലരേയും കാണാൻ സാധിക്കുക. ശാരീരിക സമ്മർദ്ദവും പേശീ വേദനയുമെല്ലാം തീർത്തും അസഹനീയമായി തോന്നും. ഈ സമയം ശരീരത്തിന് ഒരു മസ്സാജ് കിട്ടിയാൽ എങ്ങനെയുണ്ടാകും? ഇങ്ങനെ ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസ്സാജ് ചെയ്യുമ്പോൾ ആദ്യം ആരംഭിക്കേണ്ടത് പാദങ്ങളിൽ നിന്ന് തന്നെയാണ്. ഫൂട്ട് മസ്സാജിന് നിരവധി ഗുണങ്ങളുണ്ട്.


കാല്പാദങ്ങളിലെ മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തികളിൽ ഒന്നാണ്  ഫൂട്ട് മസ്സാജ് ഇത് ശരീരത്തിലെ മുഴുവൻ പേശികളെയും അയവുള്ളതാക്കി മാറ്റിക്കൊണ്ട് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാദങ്ങളിൽ മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടാകുന്ന അനാവശ്യമായ സമ്മർദ്ദ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. സമ്മർദ്ദ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളെ അകറ്റുന്നതിനും ഏറ്റവും സഹായകമായ ഒരു നല്ല മാർഗ്ഗമാണ് ഫൂട്ട് മസാജ്.

നിൽക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴുമെല്ലാം കാലുകളാണ് ശരീരത്തിൻ്റെ മുഴുവൻ ഭാരവും താങ്ങി നിർത്തുന്നത്. അതുകൊണ്ടുതന്നെ കുറച്ചു നേരം ഇത്തരം പ്രവർത്തികൾ തുടർച്ചയായി ചെയ്താൽ കാലുകളിലെ പേശികൾക്ക് വളരെ പെട്ടെന്ന് തന്നെ ക്ഷീണവും തളർച്ചയും അനുഭവപ്പെടും. അതുപോലെതന്നെ ഹൈ ഹീൽ ചെരുപ്പുകളുടെ പതിവായുള്ള ഉപയോഗം പലപ്പോഴും നിങ്ങളുടെ കാലുകളിൽ വേദന സൃഷ്ടിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരിഹാരമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു മികച്ച പ്രതിവിധിയാണ് കാലുകളിൽ മസാജ് ചെയ്യുന്ന രീതി.

ഒരു ഫൂട്ട് മസ്സാജിന് തലവേദന കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയിൽ നിന്ന് ആശ്വാസം നേടാൻ കാലിൽ ചെയ്യുന്ന മസ്സാജ് വളരെയധികം പ്രയോജനം നൽകുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും തലവേദന മറ്റേതെങ്കിലും ഗുരുതരമായ മെഡിക്കൽ സങ്കീർണതകൾ മൂലമല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.