കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും

ആരോഗ്യ സംരക്ഷണത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ യോഗ ബ്രേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും.

ന്യൂഡൽഹിയിലെ വിഗ്യാന്‍ ഭവനിൽ വച്ചാണ് ആപ്ലിക്കേഷൻ രാജ്യത്തിന് സമർപ്പിക്കുക. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ മന്സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, അനുരാഗ് സിംഗ് ഠാക്കൂര്‍, ജിതേന്ദ്ര സിംഗ്, മീനാക്ഷി ലേഖി, ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

തൊഴിലിടങ്ങളിലെ മാനസിക പരിമുറുക്കം അയക്കുക, ഉണർവും ഉന്മേഷവും നൽകുക, ഇതിലൂടെ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിക്കുക, ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് അഞ്ച് മിനിറ്റ് യോ​ഗ ബ്രേക്ക് പ്രോട്ടോക്കോൾ വിഭാവനം ചെയ്തിരിക്കുന്നത്. തദാസനം, ഉർധ്വ ഹസ്തോത്തനാസന തദാസനം, സ്കന്ദ ചക്ര ഉത്തനമണ്ഡുകാസനം, കതി ചക്രാസനം, അർധ ചക്രാസനം, പ്രസരിത പഡോത്തനാസനം, ഡീപ് ബ്രീതിം​ഗ്, നാഡിശോധന പ്രാണായാമം, ഭ്രമരി പ്രാണായാമം, ധ്യാനം എന്നിവയാണ് പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.