രാത്രി കർഫ്യുവും ഞായറാഴ്ച ലോക് ഡൗണും തുടരും’; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അടുത്ത റിവ്യു യോഗത്തിൽ ഇക്കാര്യത്തിൽ മാറ്റം വരുത്തുന്നത് വീണ്ടും പരിശോധിക്കും. കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകുകയും ജാഗ്രത കൈവിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ക്വറന്‍റീൻ ലംഘിച്ചാൽ സ്വന്തം ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധം ഊർജ്ജിതമാക്കാൻ അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്താണ് ഇത് നടപ്പിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനു ശേഷം ഭയപ്പെട്ടതുപോലെ രോഗവ്യാപനം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ വേഗത്തിൽ തന്നെ സംസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുകെട്ടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.