നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പ‍ർക്കത്തിൽ 158 പേർ

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ വന്നത് 158 പേർ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പ‍ർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

നിപ വൈറസിന്റെ മൂന്നാം വരവിൽ സ്ഥിതി അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ഉന്നതതല യോ​ഗം ചേർന്നു. ആരോ​ഗ്യ മന്ത്രി വീണ ജോർജ്, ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കല്‍ കോളേജില്‍ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.