12 വയസുകാരന്റെ മരണകാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് മസ്​തിഷ്​ക ജ്വരവും ഛർദ്ദിയും ബാധിച്ച്​ ചികിത്സയിലായിരുന്ന ​12 വയസുകാരൻ മരിച്ചത്​ നിപ കാരണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​​. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട​ കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി.

പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിക്കുകയായിരുന്നു.

അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.  കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.