ചന്ദ്രിക കേസ്; തെളിവ് സമർപ്പിക്കാൻ ഇഡി ഓഫീസിലെത്തി കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവ് സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. കേസിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏഴ് തെളിവുകൾ കൈമാറുമെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എആർ സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം ഏറ്റുവാങ്ങി എൽഡിഎഫിൽ ഒറ്റപ്പെടുന്നതിനിടെയാണ് ജലീൽ വീണ്ടും ഇഡി ഓഫീസിൽ എത്തിയത്.

ചന്ദ്രിക വിവാദത്തിൽ ഈ മാസം രണ്ടിന് ജലീൽ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും തെളിവുകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലീൽ അന്ന് പറഞ്ഞിരുന്നു. ചന്ദ്രിക അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ജലീൽ തെളിവ് നൽകുന്നത്.

ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനു മുമ്പ് ജലീൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഇന്നു രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.