YIP 2021 സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു : മലപ്പുറം ജില്ലാതല എംഎസ്എംഇ ആശയ രൂപീകരണ സമാരംഭം തിരൂർ പോളിയിൽ .

കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് (Department of Planning and Economic Affairs) കീഴിലെ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രാ യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രാവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP).

സാങ്കേതിക വിദ്യയിൽ പുതിയ ദിശകൾ സൃഷ്ടിക്കുക, ഉല്പന്നങ്ങൾ, പ്രക്രി യകൾ എന്നിവയുടെ നവീകരണം സാധ്യമാക്കുക, സാങ്കേതിക വിദ്യയുടെ
സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുക, പുത്തൻ ആശയങ്ങൾ ഉല്പന്നങ്ങളും, പ്രക്രിയകളും,സംരംഭങ്ങളുമായി മാറാൻ അനുകൂലവും ആരോഗ്യപരവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് മുഖ്യ ലക്ഷ്യം.

2021-ലെ കേരള ബഡ്ജറ്റ് പ്രകാരം വളരെ വിപുലമായ രീതിയിൽ ആണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ 2021-2024 പതിപ്പ് നടത്തുന്നത്. അതു പ്രകാരം ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50,000 രൂപയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെ വ്യത്യസ്ത നിറഞ്ഞ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പായ 2021-2024 ഘട്ടത്തിൽ മുപ്പതിനായിരം ടീമുകളിൽ നിന്നായി ഒരു ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 9,000 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ ശൃംഖലയിൽ ചേർക്കുവാനാണ് ലക്ഷ്യമിടുന്നത്.

കേരള വികസനം മുൻനിർത്തിയുള്ള വ്യത്യസ്ത വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് YIP 2021 വിഭാവനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത 20 മേഖലകൾ ആസ്പദമാക്കിയാണ് YIP 2021-ൽ വിദ്യാർത്ഥികൾ അവരുടെ ആശയ രൂപീകരണം നടത്തുന്നത്.

“സുസ്ഥിരതയിലും തുല്യതയിലും ഊന്നിയു ള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികളു ടെ 30,000 ആശയങ്ങൾ” എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന YIP 2021-ന്റെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപെട്ട മുഖ്യമന്ത്രി 2021 ഡിസംബർ 2 ന് ഓൺലൈനിൽ നിർവഹിച്ചു.

“എംഎസ്എംഇ പാരമ്പര്യ വ്യവസായങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മലപ്പുറം ജില്ലാതല ആശയ രൂപീകരണ സെമിനാർ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൽ നടന്നു.

തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉത്ഘാടനം ചെയ്ത ജില്ലാതല ആശയ അവതരണ പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ (ചെയർപെഴ്സൺ, ജില്ലാ ഇന്നവേഷൻ കൗൺസിൽ, കെ-ഡിസ്ക്ക് മലപ്പുറം) അധ്യക്ഷത വഹിച്ചു.

വേണ്ടവിധത്തിൽ പ്രോത്സാഹനം നൽകിയാൽ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംരംഭക സൗഹൃദ ജില്ലയായി മാറാൻ മലപ്പുറം ജില്ലക്ക് കഴിയുമെന്ന് എംഎൽഎ ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ ഒരു ലക്ഷം ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി “കോഡിങ് സ്കിൽ ഡെവലെപ്മെന്റ് പ്രോഗ്രാം” രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഒരു പദ്ധതിയായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

എംഎസ്എംഇ മേഖലയിലെ വിദഗ്ദരായ ജി എസ് പ്രകാശ് (ജോയിൻ്റ് ഡയറക്ടർ) ഗവ. ഓഫ് ഇന്ത്യ എംഎസ്എംഇ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ, അജിത്ത് മത്തായി (ഫൗണ്ടർ ഡയറക്ടർ) എംബയോം കൺസൾട്ടിംഗ് ചെന്നൈ എന്നിവർ വിഷയം അവതരിപ്പിച്ച് പ്രഭാഷണം നടത്തി.

മലപ്പുറം ജില്ലയുടെ സാങ്കേതിക വിദ്യാ മേഖലയിലെ സർവ്വതോൻ മുഖമായ മുന്നേറ്റത്തിന് പങ്കാളിത്തം വഹിക്കാൻ എസ്എസ്എം പോളിടെക്നിക്ക് പ്രതിജ്ഞാ ബദ്ധമാണെന്ന് സ്വാഗത പ്രസംഗത്തിൽ അബ്ദുൽ നാസർ കൈപ്പഞ്ചേരി (പ്രിൻസിപ്പാൾ, എസ് എസ് എം പോളിടെക്നിക്ക്) അറിയിച്ചു.

മുഹമ്മദ് നബീൽ വിപി (പ്രോഗ്രാം എക്സിക്യൂട്ടീവ്, കെ-ഡിസ്ക്ക്, മലപ്പുറം) പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ ആശംസകൾ നേർന്ന നസീബ അസീസ് മയ്യേരി (ചെയർപെഴ്സൺ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി, മലപ്പുറം ജില്ലാ പഞ്ചായത്ത്) മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം YIP യിൽ ഉറപ്പു വരുത്തുമെന്ന് അറിയിച്ചു.

പ്രകൃതിയെ അസ്ഥിരപ്പെടുത്താത്ത സുസ്ഥിര വികസനമാണ് നമുക്ക് വേണ്ടതെന്നും തിരൂർ പോളിടെക്നിക്കിൽ ആരംഭിച്ച “വെഞ്ച്വർ ലാബ് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൻ്റെ” നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ “ഗ്രാസ്റൂട്ട് ഇന്നവേറ്റേഴ്സ് ഷോക്കേയ്സ്” സംഘടിപ്പിക്കുമെന്നും മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി (ചെയർമാൻ, ഗവേണിംഗ് ബോഡി, എസ് എസ് എം പോളിടെക്നിക്ക്) ആശംസാ സന്ദേശത്തിൽ അറിയിച്ചു.

പോളിടെക്നിക്കിൻ്റെ സാങ്കേതിക വൈദഗ്ദ്യം ജില്ലയുടെ വികസനത്തിന് ഉപയോഗപ്പെടുത്തണമെന്ന് പൂർവ്വ വിദ്യാർത്ഥിയായ വികെഎം ഷാഫി (മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബർ) അഭിപ്രായപ്പെട്ടു.

മുഹമ്മദ് സിയാദ് ടിഎ (സ്റ്റേറ്റ് ലവൽ മെൻറർ, കോർ ടീം മെമ്പർ, കെ-ഡിസ്ക്ക്), ടിവി സംഷാൻ (കെ-ഡിസ്ക്ക്, മലപ്പുറം) എന്നിവർ ആശംസകൾ നേർന്നു.

തൊണ്ടിൽ നിന്ന് ചകിരി വേർതിരിക്കുന്ന “റോട്ടറി ക്രഷർ” സാങ്കേതിക വിദ്യ വികസിപ്പിച്ച റൂറൽ ഇന്നവേറ്റർ തിരൂർ വെട്ടം സ്വദേശി കുറ്റിയിൽ ലക്ഷ്മണനെ ചടങ്ങിൽ വെച്ച് ആദരിച്ചു.

കീർത്തന മരിയ ജോസഫ് (പിഎംയു ടീം ലീഡർ, എംബയോം, ചെന്നൈ), പിപി അബ്ദുറഹിമാൻ (സെക്രട്ടറി, തിരൂർ ചേംബർ ഓഫ് കോമേഴ്സ്), മുൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അധ്യാപകനും തിരൂർ താലൂക്ക് കേരള സ്മാൾ സ്ക്കെയിൽ ഇൻ്റസ്ട്രീസ് അസോസിയേഷൻ (KSSiA) സെക്രട്ടറിയും ടെക്നോളജി ഇന്നവേറ്ററുമായ ഖാജാ ഷിഹാബുദ്ധീൻ (1979 മെക്കാനിക്കൽ പൂർവ്വ വിദ്യാർത്ഥി), വനിതാ സംരംഭക റോഷ്നി ബുഷൈർ (1999 ഇലക്ട്രോണിക്സ് പൂർവ്വ വിദ്യാർത്ഥി), മുൻ സ്റ്റുഡൻ്റ്സ് യൂണിയൻ ചെയർമാനും ഓട്ടോമൊബൈൽ രംഗത്ത് സംരംഭകനുമായ ഫായിസ് നടുവത്ത് (2008 ഓട്ടോമൊബൈൽ പൂർവ്വ വിദ്യാർത്ഥി), 2020 ൽ ആരംഭിച്ച് നിലവിൽ 20,000 ൽ അധികം ഉപഭോക്താക്കളുള്ള കേരളത്തിൽ മുൻനിര ഓട്ടോമൊബൈൽ സർവ്വീസ് നെറ്റ് വർക്ക് സ്റ്റാർട്ടപ്പ് കമ്പനി “ഓട്ടോഎയ്ഡ്” കോ-ഫൗണ്ടർ ശ്രീജിത്ത് സി (2013 ഓട്ടോമൊബൈൽ പൂർവ്വ വിദ്യാർത്ഥി), എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പരിപാടിയിൽ ജില്ലയിലെ സ്ക്കൂൾ അധ്യാപക പ്രതിനിധികൾ, ഐഇഡിസി ഇന്നവേഷൻ ടീം വിദ്യാർത്ഥി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, സ്റ്റാഫ് പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ കോഓർഡിനേറ്റർ ഹാഷിം എഎസ് (ഐഇഡിസി നോഡൽ ഓഫീസർ) നന്ദി പ്രകാശിപ്പിച്ചു.